09:10pm 27 June 2026
NEWS
പത്താംക്ലാസുകാരന്റെ ബാ​ഗിൽ വാറ്റുചാരായം
25/06/2026  12:02 PM IST
nila
പത്താംക്ലാസുകാരന്റെ ബാ​ഗിൽ വാറ്റുചാരായം

താമരശ്ശേരി: മലയോര മേഖലയിലെ ഒരു സർക്കാർ സ്കൂളിൽ എസ്.എസ്.എൽ.സി. വിദ്യാർഥിയുടെ ബാഗിൽ നടത്തിയ പരിശോധനയിൽ അരലിറ്റർ ചാരായം കണ്ടെത്തി. അധ്യാപകർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. സംശയത്തെ തുടർന്ന് വിദ്യാർഥിയെ ചോദ്യം ചെയ്തപ്പോൾ, സഹപാഠിയായ മറ്റൊരു വിദ്യാർഥിയാണ് മദ്യം തന്റെ ബാഗിൽ സൂക്ഷിച്ചതെന്ന് ഇയാൾ വെളിപ്പെടുത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രദേശത്ത് പ്രവർത്തിച്ചിരുന്ന വ്യാജമദ്യ ശേഖരണ കേന്ദ്രത്തെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചു.

ഇതിന്റെ അടിസ്ഥാനത്തിൽ താമരശ്ശേരി പൊലീസ് കട്ടിപ്പാറ ചമൽ കേളൻമൂലയിലെ ഒരു റബ്ബർതോട്ടത്തിൽ പരിശോധന നടത്തി. രണ്ട് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 56 അരലിറ്റർ കുപ്പികളിലായി 28 ലിറ്റർ ചാരായമാണ് ഇവിടെ നിന്ന് പിടിച്ചെടുത്തത്.

സംഭവവുമായി ബന്ധപ്പെട്ട് ചമൽ കേളൻമൂല സ്വദേശിയായ പൂവൻമല രമേശൻ (40) എന്നയാൾക്കെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്തു. ഇയാളുടെ വീടിനുസമീപമുള്ള റബ്ബർതോട്ടത്തിലായിരുന്നു ചാരായം ഒളിപ്പിച്ചിരുന്നത്. മറ്റിടങ്ങളിൽ നിർമിച്ച വ്യാജമദ്യം ഇവിടെ ശേഖരിച്ചുവച്ചതാണെന്നാണ് പൊലീസിന്റെ നിഗമനം. പ്രതി നിലവിൽ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.

ബുധനാഴ്ച സ്കൂളിൽ നടന്ന സ്കൂൾ സംരക്ഷണസമിതി യോഗത്തിനിടെ ഒരു വിദ്യാർഥി മദ്യം സ്കൂളിലേക്ക് എത്തിക്കുന്നതായി അധ്യാപിക സംശയം പ്രകടിപ്പിച്ചിരുന്നു. ഒരു വിദ്യാർഥി പലതവണയായി സ്കൂളിലേക്ക് ചാരായം കൊണ്ടുവന്നതായും ചില വിദ്യാർഥികൾ അത് ഉപയോഗിച്ചതായും ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് അധ്യാപകർ പരിശോധന നടത്തിയത്. സംശയാസ്പദരായ വിദ്യാർഥികളിൽ ഒരാൾ ക്ലാസ് മുറിക്ക് പുറത്തുപോയ സമയത്ത് ബാഗ് പരിശോധിച്ചപ്പോഴാണ് ചാരായക്കുപ്പി കണ്ടെത്തിയത്.

അനധികൃതമായി മദ്യം കൈവശംവെച്ചതിനും കൈകാര്യം ചെയ്തതിനും ബന്ധപ്പെട്ട രണ്ട് പ്രായപൂർത്തിയാകാത്ത വിദ്യാർഥികളെയും ജുവനൈൽ കോടതിയിൽ ഹാജരാക്കി. എസ്.ഐ. ഗൗതം ഹരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് തുടർനടപടികൾ സ്വീകരിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Wayanad
img